കാസര്‍കോട്: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിനു ചൊവ്വാഴ്ച കേരളത്തിനും കര്‍ണ്ണാടകയ്ക്കും മുകളിലൂടെ ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു. ഇതിന്റെ ഫലമായി വരുന്ന അഞ്ചു ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു. തിങ്കളാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്കും രണ്ട്, മൂന്ന് തിയതികളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം കാസര്‍കോട് ജില്ലയില്‍ ഉച്ചയോടെ മഴ പെയ്തു തുടങ്ങി. ശക്തമായ ഇടിയുടെ അകമ്പടിയോടെയാണ് മഴ. അസമയത്ത് ഉണ്ടായ മഴ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.