കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ ആയിരിക്കെ മുസ്ലിം ലീഗ് നേതാവായ എന്‍.എ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണയ്ക്കായി എത്തിച്ച മാവോയിസ്റ്റ് നേതാവ് സോമന്‍ കാസര്‍കോട് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. കനത്ത സുരക്ഷയോടെയാണ് സോമനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ജീപ്പില്‍ നിന്നു ഇറക്കുന്നതിനിടയില്‍ ആണ് സോമന്‍ മുദ്രാവാക്യം വിളിച്ചത്. പശ്ചിമഘട്ടം സംരക്ഷിക്കുക, കോര്‍പ്പറേറ്റ് ശക്തികളെ നിലയ്ക്ക് നിര്‍ത്തുക, ഇന്‍ക്വിലാബ് സിന്ദാബാദ് സാമ്രാജ്യത്വം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. കൂടുതല്‍ മുദ്രാവാക്യം വിളിക്കാനുള്ള സോമന്റെ ശ്രമം സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ ആയിരിക്കെ 2007ല്‍ ആണ് എന്‍.എ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചതിനു ഹൊസ്ദുര്‍ഗ് പൊലീസ് സോമന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്നതിനാല്‍ സോമനെതിരെയുള്ള കേസ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) യില്‍ തുടരുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കര്‍ണ്ണാടക, കാര്‍ക്കളയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വിക്രംഗൗഡയ്‌ക്കൊപ്പം വനത്തിനകത്ത് ഒളിവില്‍ കഴിയുകയായിരുന്ന സോമനെ ജുലായ് 28ന് ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട്ടെ കേസില്‍ സോമനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. പ്രസ്തുത കേസില്‍ ചൊവ്വാഴ്ചയാണ് വിചാരണ ആരംഭിച്ചത്. സോമനെ ഹാജരാക്കുന്നത് പരിഗണിച്ച് കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കര്‍ശന പരിശോധനയ്ക്കു ശേഷമാണ് ആള്‍ക്കാരെ കോടതി വളപ്പിലേക്ക് കടത്തിവിട്ടത്.
