മഞ്ചേശ്വരത്ത് പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കളില്‍ ഒരാള്‍ പതിനഞ്ചു കേസുകളില്‍ പ്രതി; രക്ഷപ്പെട്ട നാലു പേരില്‍ സംഘത്തലവനും, പിടിയിലായ നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ മോഷ്ടിച്ചതാണോയെന്ന് സംശയം

കാസര്‍കോട്: ഞായറാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം കൊട്‌ലമുഗറു, ദൈഗോളിയില്‍ പിടിയിലായ കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ 15 കേസുകള്‍ ഉള്ളതായി പൊലീസ്. മംഗ്‌ളൂരു, കൊടിയുള്ളാലിലെ ഫൈസലിനെതിരെയാണ് ഇത്രയും കേസുകളുള്ളതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കു കേരളത്തില്‍ കേസുകളുണ്ടോയെന്നു വ്യക്തമല്ല. ഫൈസലിന്റെ കൂടെ കര്‍ണ്ണാടക, തുംകൂര്‍, കച്ചേരിമൊഹല്ലിയിലെ സയ്യിദ് അമാനിനെയും പൊലീസ് പിടികൂടിയിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും കൂടെ ഉണ്ടായിരുന്ന മറ്റു നാലുപേര്‍ സംഭവസ്ഥലത്തു നിന്നു ഓടിരക്ഷപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ കവര്‍ച്ചാസംഘത്തിന്റെ തലവനാണെന്നു സംശയിക്കുന്നു. പ്രസ്തുതയാളെ കണ്ടെത്തിയാലേ സംഘത്തിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയുള്ളുവെന്നു പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അറസ്റ്റിലായ ഫൈസലും അമാനും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറഞ്ഞത്. ബംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്നുവെന്നും എളുപ്പവഴി തേടിയാണ് കേരളത്തിലേക്ക് കടന്നതെന്നും പ്രതികള്‍ പൊലീസിനു മൊഴി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ല. കാര്‍ മറ്റെവിടെ നിന്നെങ്കിലും കവര്‍ച്ച ചെയ്തതാണോയെന്നു സംശയിക്കുന്നു. കാറിനകത്തു നിന്നു നിരവധി നമ്പര്‍പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കേരളം, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ പേരിലുള്ളതാണ് നമ്പര്‍ പ്ലേറ്റുകള്‍. കാറിനകത്തു നിന്നു ഗ്യാസ് കട്ടറുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, കത്തി, പിക്കാസ്, സ്‌ക്രൂഡ്രൈവുകള്‍ തുടങ്ങിയവയും കണ്ടെത്തി. രക്ഷപ്പെട്ട സംഘത്തലവന്‍ അടക്കമുള്ളവരെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page