മോസ്‌കോ: രണ്ടര വര്‍ഷത്തോളമായ റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനു അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി അനുരഞ്ജന മാര്‍ഗത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി ഉകൈന്‍, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് റഷ്യക്കെതിരെ കടുത്ത അക്രമമുണ്ടാവുന്നത്. റഷ്യയിലേക്കു പറന്നെത്തിയ ഉക്രൈന്റെ 84 ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടു. മോസ്‌കോയിലെ മൂന്നു വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
മോസ്‌കോയില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും രൂക്ഷമായ ഡ്രോണ്‍ ആക്രമണമായിരുന്നു ഇതെന്നു സംശയിക്കുന്നു. റഷ്യയുടെ ആയുധപ്പുരകളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നു മോസ്‌കോയിലെ സെമോഡെഡോവോ, ഷെറെമെറ്റിയോവോ, സുക്കോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങള്‍ 36 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഇവ പിന്നീട് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും വലിയ മെട്രോ പൊളിറ്റന്‍ പ്രദേശങ്ങളിലൊന്നാണ് മോസ്‌കോ. 21 ദശലക്ഷം ജനസംഖ്യയുണ്ട്.
ഉക്രൈന്റെ ആക്രമണത്തിനെതിരെ ഞായറാഴ്ച രാത്രി തന്നെ മോസ്‌കോ തിരിച്ചടിച്ചു. 148 ഡ്രോണുകള്‍ ഉക്രൈനു നേരെ വിക്ഷേപിച്ചു. അതില്‍ 62 എണ്ണം തങ്ങളുടെ വ്യോമപ്രതിരോധം തകര്‍ത്തെന്നു ഉക്രൈന്‍ പറഞ്ഞു. രണ്ടരവര്‍ഷമായി തുടരുന്ന ഉക്രൈന്‍-റഷ്യ യുദ്ധം അതിന്റെ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണോ എന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പു അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക ഉക്രൈനൊപ്പം നില്‍ക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഉക്രൈന്റെ എണ്ണ ശുദ്ധീകരണശാലകള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ ലക്ഷ്യമാക്കിയാണ് റഷ്യ പ്രത്യാക്രമണം നടത്തിയതെന്നു സൂചനയുണ്ട്.
