ആഭരണങ്ങള്‍ക്കായി വയോധികയെ കൊന്നു; മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ കൊണ്ടുപോയി തള്ളാന്‍ ശ്രമം; സ്വര്‍ണപ്പണിക്കാരനും മകളും അറസ്റ്റില്‍

ചെന്നൈ: ആഭരണങ്ങള്‍ക്കായി വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ കൊണ്ടുപോയി തള്ളന്‍ ശ്രമിച്ച സ്വര്‍ണപ്പണിക്കാരനും മകളും അറസ്റ്റില്‍. സേലം സ്വദേശികളും നെല്ലൂര്‍ സന്തപ്പേട്ട നിവാസികളുമായ ബാലസുബ്രഹ്‌മണ്യം(43), 17 വയസ്സുള്ള മകള്‍ എന്നിവരാണു പിടിയിലായത്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ അയല്‍വാസിയാണ് ബാലസുബ്രഹ്‌മണ്യം. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ ബെഡ്ഷീറ്റ് കൊണ്ട് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം താലിമാല, മറ്റൊരു സ്വര്‍ണമാല, കമ്മല്‍ എന്നിവ കവര്‍ന്നു. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി, നെല്ലൂരില്‍നിന്നു സബേര്‍ബന്‍ ട്രെയിനില്‍ കയറിയ ബാലസുബ്രഹ്‌മണ്യവും മകളും ചെന്നൈയ്ക്കു സമീപം മിഞ്ചുരില്‍ ഇറങ്ങി. ബാഗ് ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നു പൊലീസ് ബാഗ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണു ബാലസുബ്രഹ്‌മണ്യം ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തതോടെ മോഷണത്തിനു വേണ്ടിയാണെന്ന് സമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് പിതാവിനെയും മകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നടപടിക്രമങ്ങള്‍ അനുസരിച്ച് കേസ് ഉടന്‍ നെല്ലൂര്‍ പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page