എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും; കണ്ണൂർ കോർപ്പറേഷൻ പരിധിയിലും മലയാലപ്പുഴ പഞ്ചായത്തിലും ഇന്ന് ഹർത്താൽ, സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും

തിരുവനന്തപുരം: കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെയാണ് സംസ്കാരം നടക്കുക. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കാസർകോട്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും, കണ്ണൂരിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പി.പി ദിവ്യയുടെ വീട്ടിലേക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല. എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ കൂട്ടമായി അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page