ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. ഇവര്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ പെട്ടവരാണെന്നാണ് മുബൈ പൊലീസ് പറയുന്നത്. അതിനിടെ അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം സാമൂഹികമാധ്യമങ്ങളിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചിട്ടുണ്ട്. നേരത്തേ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതിയായിരുന്നു ലോറന്‍സ് ബിഷ്‌ണോയി. സല്‍മാന്‍ ഖാന്റെ വധശ്രമവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 9.30 ഓടെ ബാന്ദ്രയിലെ ഓഫീസില്‍ വെച്ചായിരുന്നു ബാബാ സിദ്ദിഖിന് നേരെ മൂന്നുപേരടങ്ങുന്ന അക്രമിസംഘം വെടിയുതിര്‍ത്തത്. പ്രതികളില്‍ ഒരാള്‍ ഇപ്പോള്‍ ഒളിവിലാണ്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 15 ദിവസം മുന്‍പ് ബാബയ്ക്ക് ഭീഷണി ലഭിച്ചതായി അടുപ്പമുള്ളവര്‍ പറയുന്നു. അതിന് പിന്നാലെ ബാബാ സിദ്ദിഖിന് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 2024 ഫെബ്രുവരിയിലാണ് 48 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബാബാ സിദ്ദിഖി എന്‍സിപിയിലെത്തിയത്. ബാന്ദ്ര വെസ്റ്റില്‍നിന്ന് മൂന്നുതവണ എംഎല്‍എയായ അദ്ദേഹം, ഭക്ഷ്യ-തൊഴില്‍ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായ അദ്ദേഹം ബോളിവുഡുമായുള്ള ശക്തമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page