കാസര്‍കോട്: പെരിയ, പുളിക്കാലില്‍ റബ്ബര്‍ തോട്ടത്തിലൂടെ കടന്നു പോകുന്ന റോഡില്‍ ആഡംബര കാര്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍. മൂന്നു ദിവസം കഴിഞ്ഞിട്ടും കാര്‍ എടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം ബേക്കല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി കാറിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പുളിക്കാലിലെ റബ്ബര്‍ തോട്ടത്തിലൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡിലാണ് വെള്ളനിറത്തിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന പോര്‍ഷെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത്. പൂര്‍ണ്ണമായും അടച്ചിട്ട നിലയിലാണ് കാര്‍. അകത്തു സ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സാധനങ്ങള്‍ കാണപ്പെട്ടു.
വിവരമറിഞ്ഞ് തിങ്കളാഴ്ച രാത്രി ബേക്കല്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുളിക്കാലിലെത്തി കാര്‍ പരിശോധിച്ചു. തുറക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
അതേ സമയം കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമസ്ഥനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ലക്ഷങ്ങള്‍ വിലയുള്ള കാര്‍ എന്തിനാണ് ഉള്‍പ്രദേശത്തുള്ള റോഡില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നു വ്യക്തമല്ല. ഉടമയെ കണ്ടെത്തിയാല്‍ മാത്രമേ കാറിനെ സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
