കാസർകോട്: കവ്വായിക്കായലില്‍ വിനോദസഞ്ചാരികളുമായി സവാരി നടത്തുകയായിരുന്ന വഞ്ചി വീടിന് തീപിടിച്ചു. ഒഴിവായത് വന്‍ ദുരന്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. വെള്ളാപ്പ് ബണ്ട് പരിസരത്തുനിന്നും വിനോദസഞ്ചാരികളുമായി പുറപ്പെട്ട വഞ്ചിവീടിനാണ് തീപിടിച്ചത്. മെട്ടമ്മല്‍ ഭാഗത്ത് കരയില്‍ നില്‍ക്കുകയായിരുന്ന സുകുമാരന്‍ എന്ന തൊഴിലാളിയാണ് കായലിലൂടെ കടന്നുപോകുന്ന വഞ്ചിവീടിന് മുകള്‍ ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. എന്നാൽ ഹൗസ് ബോട്ടിനകത്തുള്ള വിനോദസഞ്ചാരികളോ വഞ്ചിവീട് തൊഴിലാളികളോ തീപിടിച്ച സംഭവം അറിഞ്ഞിരുന്നില്ല. പുഴയോരത്തു നിന്നും സുകുമാരന്‍ അലറിവിളിച്ച് വഞ്ചിവീടിനുള്ളവരെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ വഞ്ചിവീട് തൊഴിലാളികള്‍ മുകളിലെത്തി പണിപ്പെട്ട് തീ അണക്കുകയും യാത്ര അവസാനിപ്പിച്ച് വെള്ളാപ്പ് ബണ്ട് പരിസരത്ത് എത്തിക്കുകയായിരുന്നു. സുകുമാരന്റെ ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.