ജറുസലേം: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റുള്ള കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈനികവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഹിസ്ബുള്ളയോ, ലെബനനോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസ്സന്‍ നസ്‌റുള്ള കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ സേന അവകാശപ്പെടുന്നത്. ഇറാന്‍ പിന്തുണയുള്ള ഇദ്ദേഹം 32 വര്‍ഷമായി ഹിസ്ബുള്ള തലവനാണ്. ഇസ്രായേലിന്റെ ആക്രമണഭീഷണി കാരണം പൊതുസ്ഥലങ്ങളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. ഏതെങ്കിലും തരത്തില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന സാഹചര്യങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുകയാണ് പതിവ്. ലെബനോന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസേനയാണ് ഹിസ്ബുല്ല.
പലസ്തീന്‍ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനിലെയും സായുധ ഗ്രൂപ്പുകള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ഹസ്സന്‍ നസ്‌റുള്ള. ലെബനീസ് സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തിയായി ഹിസ്ബുള്ള വളര്‍ത്തിയത് ഇദ്ദേഹമാണ്. പതിനഞ്ചാമത്തെ വയസില്‍ 1975ല്‍ ഷിയഗ്രൂപ്പുകളുടെ അമല്‍മൂവ്‌മെന്റിന്റെ ഭാഗമായി. മതപഠനത്തിനു ശേഷം ലബനനില്‍ തിരിച്ചെത്തി വീണ്ടും അമല്‍ മൂവ്‌മെന്റിന്റെ ഭാഗമായി. 1982ല്‍ ഇസ്രായേല്‍ ലെബനിനെ ആക്രമിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്നു വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന രൂപം കൊണ്ടപ്പോള്‍ അതിന്റെ ഭാഗമായി. ഹിസ്ബുള്ള മേധാവി അബ്ബാസ് അല്‍മുസാവി ഇസ്രയേലിന്റെ ഹെലികോപ്ടര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 32-ാം വയസ്സില്‍ ഹിസ്ബുള്ളയുടെ പ്രധാന നേതാവായി മാറി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലബനനില്‍ ഇസ്രായേല്‍ പേജര്‍, വോക്കിടോക്കി സ്‌ഫോടനങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കമാന്റ് ആസ്ഥാനം ഇസ്രായേല്‍ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ഹസ്സന്‍ നസ്‌റുള്ളയുടെ വധത്തോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന് ഭീതി ഉയര്‍ന്നിട്ടുണ്ട്.