കോഴിക്കോട്: മാങ്കാവ് ലുലുമാളിലെ പ്രാര്‍ത്ഥനാ മുറിയില്‍ കയറി പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയെയും ഭാര്യയെയും പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശിയായ ഫസിലുല്‍ റഹ്‌മാന്‍ (35), ഭാര്യ തളിപ്പറമ്പിലെ ഷാഹിന (39) എന്നിവരെയാണ് കോഴിക്കോട്, ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പടന്നയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. ലുലുമാളില്‍ രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ കഴുത്തില്‍ നിന്നു തന്ത്രപൂര്‍വ്വം മാല കൈക്കലാക്കിയ ദമ്പതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെയാണ് റെയില്‍വെസ്റ്റേഷനില്‍ എത്തി രക്ഷപ്പെട്ടത്.
കുഞ്ഞിന്റെ കഴുത്തില്‍ നിന്നു മാല നഷ്ടപ്പെട്ട വിവരമറിഞ്ഞ രക്ഷിതാക്കള്‍ വിവരം മാള്‍ അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസെത്തി ലുലുമാളിലെയും റെയില്‍വെ സ്റ്റേഷനിലെയും നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.