ഷിരൂര്‍ ഗംഗാവലി പുഴയിലെ തെരച്ചില്‍; ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു

 

മംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ വീണ്ടും തെരച്ചില്‍ ആരംഭിക്കും. ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തായിരിക്കും വീണ്ടും തെരച്ചില്‍ ആരംഭിക്കുക. കാര്‍വാറില്‍ സ്ഥിതി വിലയിരുത്താന്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം ബുധനാഴ്ച യോഗം ചേരും. ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയോടെ കാര്‍വാറില്‍ നിന്ന് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച തന്നെ ഡ്രഡ്ജര്‍ പ്രവര്‍ത്തിച്ച് തെരച്ചില്‍ തുടങ്ങാനായേക്കും. നാവികസേനയുടെയും ഈശ്വര്‍ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതില്‍ ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. നിലവിലെ സാഹചര്യത്തില്‍ വ്യാഴാഴ്ച തെരച്ചില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവില്‍ ഉത്തരകന്നഡ ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page