ഓണാഘോഷത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ്എച്ച് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോർജ് (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ആണ് സംഭവം. കോളേജിലെ ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി കോളേജിൽ വടംവലി മത്സരം സംഘടിപ്പിച്ചു. ഇതിൽ പങ്കെടുത്തശേഷം വിശ്രമിക്കുന്നതിനിടെ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊടുപുഴ കല്ലാർക്കാട് വെട്ടുപാറക്കൽ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ് ജെയിംസ്. മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൃതദേഹം തൊടുപുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും.