കാസര്‍കോട്: ‘സസ്‌നേഹം സഹപാഠിക്ക് ‘എന്ന പദ്ധതിയിലൂടെ സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുകയാണ് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇവര്‍ സ്വരൂപിച്ചെടുത്ത പണം കൊണ്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ 3 സഹപാഠികള്‍ക്ക് സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരുക്കിയ വീടിന്റെ കൈമാറ്റ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ്-യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മൊഗ്രാല്‍ പെര്‍വാഡില്‍ 11 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 2023-24 അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘സസ്‌നേഹം സഹപാഠിക്ക്’. വീടൊരുക്കാനുള്ള തീരുമാനം വന്നതോടെ എല്ലാദിവസവും മിഠായി ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ആ പൈസ ക്ലാസ് അധ്യാപകനെ ഏല്‍പ്പിച്ചാണ് വലിയൊരു തുക ഈ പദ്ധതിക്കായി സമാഹരിച്ചത്. ഇത് സഹപാഠിക്കായുള്ള വലിയൊരു മാതൃകാ പ്രവര്‍ത്തനമായിരുന്നു. ഒപ്പം സമൂഹത്തിന് നല്‍കുന്ന നല്ലൊരു സന്ദേശവും. ഒരു പൊതു വിദ്യാലയത്തിന് കീഴില്‍ നാടുമുഴുവന്‍ മഹത്തായ ഒരു പദ്ധതിക്ക് വേണ്ടി കൈകോര്‍ക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സന്നദ്ധ സംഘടനകളും, അധ്യാപകരും, പിടിഎയും, എസ്എംസിയും കൂടി കൈകോര്‍ത്തപ്പോള്‍ പദ്ധതി പൂര്‍ത്തീകരണം വേഗത്തിലായി. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് പിടിഎ, എസ്എംസി, സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.