പിടിയിലായത് മുതൽ ജാമ്യമില്ലാതെ ജയിലിൽ തന്നെ; ബംഗളൂരുവിൽ നിന്ന് 54ഗ്രാം എംഡി എംഎ ബസ്സിൽ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 

 

കാസർകോട്: ബംഗളൂരുവിൽ നിന്ന് 54 ഗ്രാം എംഡി എം എ ബസ്സിൽ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചട്ടഞ്ചാൽ പട്ടുവം സ്വദേശി ടി കെ മുഹമ്മദ് ആഷികി(25)നെയാണ് കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്- 2 കെ പ്രിയ ശിക്ഷിച്ചത്. ജാമ്യം നിൽക്കാൻ ആരും തയ്യാറാവത്തതിനാൽ പിടിയിലായത് മുതൽ പ്രതി ജയിലിൽ തന്നെയായിരുന്നു. 2022 ഒക്ടോബർ 21നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാർ സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 54 ഗ്രാം എംഡി എം എയുമായി ബസിൽ വച്ച് ആഷിക്ക് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എംപി പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജെ ജോസഫ്, പ്രിവന്റിവ്‌ ഓഫിസർമാരായ ടി ജയരാജൻ, കെ പീതംബരൻ, സിവിൽ എക്സൈസ് ഓഫിസർ മഹേഷ്‌ കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത് കാസർകോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എസ് കൃഷ്ണകുമാർ ആണ്. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ജോയ് ജോസഫ് ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ചന്ദ്രമോഹൻ ജി, ചിത്രകല എം എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page