പഠനത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് രാമപുരം വെള്ളിലാപ്പള്ളി സ്വദേശിനി തങ്കമ്മ. പ്രായാധിക്യത്തെ കടത്തിവെട്ടി 74-ാം വയസ്സിൽ ബി.കോം ഓണേഴ്‌സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്‌മിഷൻ നേടിയിരിക്കുകയാണ് ഈ വയോധിക. എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ സി.എ.പി മുഖാന്തരമാണ് തങ്കമ്മ അഡ്‌മിഷൻ നേടിയത്. ചെറുപ്പകാലത്ത് പഠനം മുടങ്ങി പോയപ്പോൾ വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും. 1951 ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനിച്ചത്. ജീവിത പ്രാരാബ്ദം കാരണം 8-ാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. 1968-ൽ വിവാഹശേഷം ഇലഞ്ഞിയിലേക്ക് താമസം മാറി. തൊഴിലുറപ്പ് ജോലിക്ക് ചേർന്നു. എന്നാൽ മേറ്റ് സ്ഥാനം ലഭിക്കണമെങ്കിൽ പത്താംക്ലാസ് യോഗ്യത വേണമെന്ന വിവരം അപ്പോഴാണ് ലഭിച്ചത്. പത്താം ക്ലാസ് പരീക്ഷയും നേടിയെടുക്കണമെന്ന വാശി വന്നപ്പോൾ സാക്ഷരതാ മിഷൻ പത്താം ക്ലാസ് പരീക്ഷ എഴുതി 74 ശതമാനം മാർക്കോടെ വിജയിച്ചു. അങ്ങനെ മരുമകൾക്ക് മുൻപേ തങ്കമ്മ പത്താംതരം പാസായി. എന്നാൽ മരുമകൾ പഠനം തുടർന്നതോടെ ചേട്ടത്തിക്ക് വാശിയേറി. ഇതിനിടെ കെ.പി.എം.എസ്. സംഘടന, മരങ്ങോലി പള്ളിയിലെ പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയവ തുടർ പഠനത്തിനുള്ള പ്രചോദനം നൽകി. അതിനിടയിൽ വിദ്യാരംഭങ്ങൾക്ക് നാട്ടിലെ വിദ്യാസമ്പന്നയായ മുത്തശ്ശി നിരവധി കുട്ടികളെ എഴുത്തിനിരുത്താനുള്ള അവസരവും ലഭിച്ചു. ഈ വർഷം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയുടെ ഹ്യൂമാനിറ്റീസ് വിഷയത്തിൽ 78 ശതമാനം മാർക്കോടെ പ്ലസ് ടു പാസായി. ഈ വിജയം ഇവർക്ക് നല്ല ആത്മവിശ്വാസം പകർന്നു. അങ്ങനെയാണ് ഡിഗ്രി കൂടി പഠിക്കണമെന്ന ആഗ്രഹം ജനിച്ചത്. വിസാറ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അധികൃതർ തങ്കമ്മക്ക് ഡിഗ്രി ഓണേഴ്സ് പഠനത്തിനുള്ള അവസരം ഒരുക്കി. ഇതിനായി എം.ജി. യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം തന്നെ പുതുക്കി നൽകി. ഉത്സാഹത്തോടെ വിസാറ്റ് കോളേജിൽ ബികോം ഓണേഴ്‌സ് പഠനം ആരംഭിച്ചു. പുതുപുത്തൻ യൂണിഫോം അണിഞ്ഞ് തികഞ്ഞ മത്സരബുദ്ധിയോടെ തങ്കമ്മേടത്തി കോളേജ് കുമാരികൾക്കൊപ്പം ക്ലാസുകളിൽ ഇരിക്കുക്കുകയാണ്. ഒപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നു. മക്കൾ രണ്ടുപേരും വിവാഹിതരാണ്.