ഖല്‍ബിലെ കനിവ്

അവള്‍ ആളാകെ മാറിയിട്ടുണ്ട്. പുതുമണവാട്ടിയുടെ ഉടുപ്പില്‍ അവള്‍ തിളങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.
മുഖത്ത് ചിരിയില്ല. ഗൗരവവുമില്ല. എന്തോ ഒരു ശാന്തഭാവം.
കയ്യിലെ പാല്‍ ഗ്ലാസ് എനിക്കു നേരെ നീട്ടി.. എങ്കിലും അവള്‍ നീട്ടിയ പാല് വാങ്ങി ഞാന്‍ കുടിച്ചു.
ഇടയില്‍ കട്ട പിടിച്ച മൗനം. എനിക്കാണെങ്കില്‍ സംസാരിക്കാന്‍ തോന്നുന്നുമില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞു തുടങ്ങണ്ടേ.? അത് കൊണ്ട് ഞാന്‍ തന്നെ തുടക്കമിട്ടു.
‘നീ ആളാകെ മാറി പോയല്ലോ?’
‘മാറിയോ.?
‘മ്മ്.’
‘നിങ്ങളും മാറിയല്ലോ.?’
‘പത്തു വര്‍ഷമായില്ലേ അതിന്റെ മാറ്റമുണ്ടാവുമല്ലോ., ‘
പക്ഷെ അതിനവള്‍ മറുപടിയൊന്നും പറഞ്ഞില്ല. ‘ഞാന്‍ വരാമെന്ന വാക്കും നല്‍കി മുറിയില്‍ നിന്ന് അവള്‍ പുറത്തേക്ക് നടന്നു.
അല്‍പസമയത്തിന് ശേഷം അവിടേക്ക് ഞാന്‍ അമ്മായിയെന്ന് വിളിക്കുന്ന അവളുടെ ഉമ്മ കടന്നു വന്നു.
കുറേ കാര്യങ്ങള്‍ സംസാരിച്ചു.
ഒടുവില്‍ ‘എന്തേലും ആവശ്യമുണ്ടെങ്കില്‍ പറയണേ ‘ എന്നും പറഞ്ഞ് അവരും മുറി വിട്ടിറങ്ങി.
രാത്രി പത്ത് മണിയായി കാണും, പുതു പെണ്ണിന്റെ വസ്ത്രം പോലും മാറാതെയാണ് അവള്‍ വീണ്ടും വന്നത്.
ആദ്യ രാത്രി പുതുമണവാട്ടിയോട് എങ്ങനെയൊക്കെയാണ് ഇടപെടേണ്ടതെന്ന് വിവാഹിതരായ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അത്തരം ചിന്തകളൊന്നും അപ്പൊ മനസ്സിലേക്ക് വന്നില്ല.
ഒന്നും പറയാന്‍ കഴിയാത്ത വല്ലാത്തൊരു നിശബ്ദത ഞങ്ങള്‍ക്കിടയില്‍ തളം കെട്ടി നിന്നിരുന്നു.
‘നല്ല ക്ഷീണമുണ്ട് ഞാന്‍ കിടക്കട്ടെ.’
കട്ട പിടിച്ച മൗനത്തെ ഭേദിച്ചുകൊണ്ട് ഞാന്‍ തന്നെ വീണ്ടും ഒരു തുടക്കമിട്ടു.
‘എനിക്കും’
കേള്‍ക്കേണ്ട താമസം അവളുടെ ഉള്ളും പുറത്ത് വന്നു.
‘എങ്കില്‍ കിടന്നോളൂ.’
കട്ടിലിന്റെ ഓരത്തേക്ക് കിടന്ന് കൊണ്ട് ഞാനവളോട് പറഞ്ഞു.
ആ രാത്രി പരസ്പരം ഒന്ന് മിണ്ടുക പോലും ചെയ്യാതെ കടന്നു പോയി.
അതിരാവിലെ തന്നെ അവളെഴുന്നേറ്റു പോയി.
എങ്കിലും ഞാന്‍ പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് അമ്മാവനോടും അമ്മായിയോടും യാത്രയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്.

പിന്നീടുള്ള രാത്രികളും അതേ രീതിയില്‍ കടന്നു പോയി. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഞങ്ങള്‍ക്ക് ഒരിക്കലും പെരുമാറാന്‍ കഴിയില്ലെന്ന സത്യം അപ്പോഴേക്കും ഞങ്ങള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞിരുന്നു.
അത് മുമ്പേ എനിക്ക് ബോധ്യമുള്ള കാര്യമായിരുന്നെങ്കിലും, അമ്മാവനോടുള്ള സാമ്പത്തിക ബാധ്യതയും ഉമ്മയോടുള്ള കടപ്പാടും മൂലം ഞാന്‍ ഈ ബന്ധത്തിന് തയ്യാറാവേണ്ടി വന്നതാണ്. രക്ഷിതാക്കളോട് മറുത്തൊരു വാക്ക് പറയാന്‍ കഴിയാതെ അവള്‍ക്കും വഴങ്ങേണ്ടി വന്നു. പിന്നേയും രണ്ടു മൂന്ന് മാസം അങ്ങനെ തന്നെ കടന്നുപോയി.
ഇനി വേര്‍പിരിയലേ മാര്‍ഗമുള്ളുയെന്ന് എനിക്കറിയാം. പക്ഷെ അവളെ വേദനിപ്പിക്കാനും വയ്യ.
ഞങ്ങള്‍ രണ്ടാളും തുല്യ ദു:ഖിതരാണ്. ആര് ആരെ ആശ്വസിപ്പിക്കണമെന്നറിയാതെ കുടുങ്ങി.
അതില്‍ നിന്ന് ഒരു മോചനം തേടും പോലെ ഞാന്‍ അവളെയും കൊണ്ട് പുറത്ത് പോകാന്‍ തുടങ്ങി.
അക്കാലത്ത് സിനിമാ ഹാളില്‍ പോയി സിനിമ കാണലൊക്കെ വല്യ തെറ്റായിരുന്നു.
എങ്കിലും പുറത്തേക്കുള്ള ആ പോക്കുകള്‍ക്കിടയില്‍, ഞങ്ങള്‍ സിനിമ കാണാന്‍ കയറും.
പക്കാ നാട്ടിന്‍പുറത്തുകാരിയായ അവളെ ഫാഷന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തു ഞാന്‍ ധരിപ്പിച്ചു.
പഴയ പോലെ നാടകാഭിനയവുമൊക്കെയായി എന്റെ പ്രവര്‍ത്തന മേഖല സജീവമായി.
തനി ഓര്‍ത്തഡോക്സായ അമ്മാവന് ഇതൊന്നും അത്ര രസിച്ചിരുന്നില്ല.
ദിനേന അതിന്റെ പേരില്‍ ഉപദേശമായി.
എന്തുകൊണ്ടോ എനിക്കതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ എന്റെ അടുത്ത് അതൊന്നുമേശില്ലെന്ന് അമ്മാവന്‍ തിരിച്ചറിഞ്ഞു.
അതോടെ ഞങ്ങളുടെ രണ്ടു കുടുംബങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ വന്നു തുടങ്ങി.
അമ്മാവന്‍ അവളെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഒടുവില്‍ ഒന്നാക്കിയവര്‍ തന്നെ വീണ്ടും തീരുമാനമെടുത്തു.
‘എങ്കില്‍ പിന്നെ അവര്‍ പിരിയുന്നതാവും നല്ലത്’ അത് ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
അവളും മനസ്സില്ലാമനസ്സോടെയാവും അതിന് സമ്മതം മൂളിയതെന്ന് എനിക്കറിയാം.
കാരണം ആരുമറിയാത്ത ഞങ്ങളുടെ ദുഃഖത്തിനും അതൊരു പരിഹാരമാവുമല്ലോയെന്ന് അവളും കരുതി കാണും.
എങ്കിലും ഒടുവിലെ കാഴ്ച്ചയില്‍ അവളെ വേദനിപ്പിക്കാതിരിക്കാന്‍ ഞാനവള്‍ക്കൊരു വാക്ക് കൊടുത്തു.

‘ ഞാന്‍ ഈ ബന്ധം മാത്രമെ ഉപേക്ഷിക്കുന്നുള്ളു. നമ്മള്‍ തമ്മിലുള്ള ആ പഴയ സ്നേഹബന്ധം മരിക്കുവോളം എന്റെ ഉള്ളിലുണ്ടാകും.’പക്ഷെ അതിനവള്‍ പറഞ്ഞ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു.
‘ആരെയും വിഷമിപ്പിക്കാതെ,നമുക്കിങ്ങനെ തന്നെ തുടരാമായിരുന്നില്ലേ.
നമ്മള്‍ മാത്രമല്ലെ നമ്മുടെ വിഷമമറിയു. ‘ അതിന് പറയാന്‍ മറുപടികളില്ലാത്തത് കൊണ്ട് മൗനമായി തന്നെ ഞാന്‍ യാത്ര പറഞ്ഞു. കാരണം അതിന് ഞാന്‍ മറുപടി നല്‍കിയാല്‍ അത് വീണ്ടും പഴയതിലേക്ക് വഴിമാറും.
തമ്മില്‍ കാണാനുള്ള അവസരമുണ്ടായാലും പിരിയാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ വര്‍ത്തമാനങ്ങളും കൂടി ക്കാഴ്ചകളും പാടെ ഒഴിവാക്കി. ഒടുവില്‍ ബാധ്യതകളൊക്കെ ഒഴിവാക്കി നിയമപ്രകാരം ഞങ്ങള്‍ പിരിഞ്ഞു.
വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ മറ്റൊരാളെ ജീവിത സഖിയാക്കി. അവളും വിവാഹിതയായി. നാല് മക്കളുടെ ഉമ്മയായി.
വലിയ വീടുവെച്ചു. എങ്കിലും അവളെന്നെ മറന്നില്ല..
പുതിയ വീടിന്റെ പാലുകാച്ചിന് അവളെന്നെ ക്ഷണിച്ചു. എന്ത് കൊണ്ടോ ആ ക്ഷണം നിരസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
പങ്കെടുത്തു, എങ്കിലും പരസ്പരം കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു.
മൂത്ത മകന്റെ വിവാഹത്തിനും ക്ഷണിച്ചു. അതിനും പങ്കടുത്തു. ഇടയ്ക്ക് ലാന്റ് ഫോണില്‍ വിളിക്കും. സുഖവിവരം ഒന്നോ രണ്ടോ വാക്കുകളിലൊതുക്കും. ഇടക്ക് അവളുടെ മക്കള്‍ അവളോട് പറയും പോലും. ‘ഉമ്മയുടെ മച്ചൂനിയന്‍ ഞങ്ങളുടെ ഉപ്പയായിരുന്നെങ്കിലെന്ന്.’ മുഴുമിപ്പിക്കാന്‍ അവള്‍ വിടില്ല പോലും.
‘ഞങ്ങള്‍ ഒരേ രക്തമാണ്. ഞങ്ങളിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ ശാരീരിക മാനസിക വൈകല്യമുള്ളവരായി മാറുമായിരുന്നു. അതൊക്കെ അറിഞ്ഞു കൊണ്ടാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. എന്റെ മനസ്സിലെന്നും എന്റെയാ പഴയ ഇച്ചയുണ്ട്.എനിക്കത് മതി.’ അവള്‍ തന്നെ ഫോണ്‍ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ പറഞ്ഞതാണിതൊക്കെ.
കേട്ടപ്പൊ വല്ലാത്ത സന്തോഷം തോന്നി. അവളുടെ ഖല്‍ബില്‍ ഞാനിപ്പോഴുമുണ്ടല്ലോയെന്ന സന്തോഷം.
പക്ഷെ ആ സന്തോഷത്തിന്റെ അവസാനം ഇത്ര പെട്ടന്നാവുമെന്ന് കരുതിയില്ല.
പ്രതീക്ഷിക്കാത്ത നേരത്തൊരു പോക്ക്.
ഒരു യാത്ര പോലും പറഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോ ഇടക്കവളോട് എനിക്കൊരു പരിഭവം തോന്നും.
എങ്കിലും എന്റെ മരണം വരെ അവളെന്റെയുള്ളിലുണ്ടാകും. ഏറ്റവും പ്രിയപ്പെട്ട എന്റെയാ പഴയ കളിക്കൂട്ടുകാരിയായി.
അവസാനമായൊന്ന് കാണാമെന്നുണ്ടായിരുന്നത് കൊണ്ട്, വിവരമറിഞ്ഞ ഉടനെ അങ്ങോട്ടേക്കോടി.
നോക്കുമ്പോള്‍ വെള്ളപുതപ്പിനുള്ളില്‍ അവള്‍ സുഖമായുറങ്ങുകയായിരുന്നു.
എന്നത്തേയും പോലെ ആരോടും പരിഭവമില്ലാതെ.
അങ്ങനെ ഓര്‍ക്കാന്‍ മധുരമുള്ള ഒരുപാടോര്‍മ്മകളും സമ്മാനിച്ച്, ഖല്‍ബിലൊരു കനിവും ബാക്കി വെച്ച് അവള്‍ പോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page