കാസര്‍കോട്: മുഖ്യമന്ത്രി, എഡിജിപി എന്നിവര്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പതിനൊന്നരയോടെ വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുദ്രവാക്യം വിളിച്ച് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാരിക്കേഡ് തള്ളി നീക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ജില്ലാ പ്രസിഡന്റ് കെപി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ബിപി പ്രദീപ് കുമാര്‍, ടോണി കെ തോമസ്, റഫീഖ് കാട്ടുമാടം, ഗിരികൃഷ്ണന്‍ കൂടാല, മാര്‍ട്ടിന് ജോര്‍ജ്, രജിതാ രാജന്‍, അനൂപ് കല്യോട്ട്, ഹാരിസ് മച്ചംപാടി, ദീപു കല്യോട്ട് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.