കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്ന വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കുമെന്ന് മമ്മൂട്ടി പറയുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെയെന്നും നടന്‍ കുറിച്ചു.