പയ്യന്നൂര്‍: കാങ്കോല്‍ പപ്പാരട്ടയില്‍ നിന്നും നാടോടിയുടെ ഏഴ് മാസം പ്രായമായ കുട്ടിയെ ഗുഡ്സ് ഓട്ടോയില്‍ തട്ടികൊണ്ടു പോയി. മണിക്കൂറോളം പൊലീസിനെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ ആള്‍ ഒടുവില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന ആളാണ് പിടിയിലായത്. പെരിങ്ങോം പൊലീസ് ചന്തേര പൊലീസിന്റെ സഹായത്തോടെ ആളെ പിടികൂടുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പപ്പാരട്ടയില്‍ താമസിക്കുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമായ കുഞ്ഞിനെയാണ് മധ്യവയസ്‌കന്‍ തട്ടിക്കൊണ്ടുപോയത്. ഓട്ടോയില്‍ മടിയിലിരുത്തി ഒരാള്‍ തട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പലരും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഇക്കാര്യം പ്രചരിപ്പിച്ചതോടെ പൊലീസും രംഗത്തെത്തി. അതിനിടയില്‍ കുട്ടിയുടെ വീട്ടുകാരും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഓണക്കുന്ന് വഴി തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ക്വാട്ടേര്‍സിലേക്കാണ് കുഞ്ഞിനെയും കൊണ്ടു ആള്‍ പോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പൊലീസ് ഓട്ടോ ഡ്രൈവറെയും കുഞ്ഞിനെയും തൃക്കരിപ്പൂരില്‍ വെച്ച് പിടികൂടി. പിന്നീട് പെരിങ്ങോം പൊലീസിന് കൈമാറി. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് തട്ടിക്കൊണ്ടുപോയ ആള്‍. പൊലീസ് ചോദ്യം ചെയ്തതോടെ കുട്ടിയുടെ മുത്തച്ഛനാണ് തനിക്ക് വളര്‍ത്താനായി കുട്ടിയെ ഏല്‍പ്പിച്ചതെന്ന് തട്ടികൊണ്ടുപോയ ആള്‍ മൊഴി നല്‍കി. അതേസമയം മദ്യ ലഹരിയിലാണ് മുത്തച്ഛന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ മാതാപിതാക്കളുടെ പരാതിയില്ലാത്തതിനാല്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടില്ല.