തൃശൂര്‍: തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും പറഞ്ഞ് കാറില്‍ കയറിക്കൂടുകയായിരുന്നു സുരേഷ് ഗോപി. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി പറയുന്നതല്ല പാര്‍ട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുള്ള മറുപടി തേടിയാണ് മാധ്യമങ്ങള്‍ രാമനിലയത്തിലെത്തിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പ്രതികരണം വിവാദമായിരുന്നു. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.







