ചെര്‍ക്കളയിലെ പ്രസില്‍ കള്ളനോട്ടടി; കരിച്ചേരി സ്വദേശിയായ പ്രസുടമയും കൂട്ടാളികളായ മൂന്നു പേരും അറസ്റ്റില്‍, 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകള്‍ പിടികൂടി

കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശി ബല്‍നാട്, ബെളിയൂര്‍കട്ടെ അയൂബ്ഖാന്‍ (51) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്‌ളൂരു ക്ലോക്ക് ടവറിനു സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മുറിയില്‍ നിന്നു 500 രൂപയുടെ 427 കള്ളനോട്ടുകളും നാല് മൊബൈല്‍ ഫോണുകളും പിടികൂടി. സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റേതെങ്കിലും കള്ളനോട്ടു കേസുകളുമായി ബന്ധം ഉണ്ടോയെന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക ബാധ്യതയാണ് കള്ളനോട്ട് അച്ചടിക്കുന്നതിനു ഇടയാക്കിയതെന്നാണ് പ്രിയേഷ് പൊലീസിനു നല്‍കിയ മൊഴി. യൂട്യൂബില്‍ നോക്കിയാണ് നോട്ടടിക്കുന്നതിനെ കുറിച്ച് പഠിച്ചതെന്നും നോട്ടടിക്കാനുള്ള കടലാസ് അടക്കമുള്ള സാമഗ്രികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് എത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. അതേ സമയം ഒരു ലക്ഷത്തിന്റെ കള്ള നോട്ടുകള്‍ നല്‍കിയപ്പോള്‍ പ്രിയേഷിനു 25000 രൂപ മാത്രമാണ് ലഭിച്ചതെന്നു മൊഴിയില്‍ പറയുന്നുണ്ട്. മലയാളികളായ മൂന്നു പേര്‍ കള്ളനോട്ടുമായി മംഗ്‌ളൂരുവില്‍ അറസ്റ്റിലായതിനെ കുറിച്ച് പൊലീസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page