പൊറോട്ടയും ബീഫും കഴിച്ച് അസ്വസ്ഥത; എട്ടുവയസുകാരന്‍ ആശുപത്രിയില്‍ മരിച്ചു; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷമുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സംശയം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകന്‍ ആദിത്യനാണ് (8) മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു മരണം. കഠിനമായ വയറുവേദനയും വയറിളക്കവും കാരണമാണ് ശനിയാഴ്ച കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മരുന്ന് നല്‍കി വിട്ടയച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചതായി വീട്ടുകാര്‍ പറയുന്നു. പിന്നാലെയാണ് കുട്ടിക്ക് ഛര്‍ദിയും വയറുവേദനയും ഉണ്ടായത്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യവിഷ ബാധ സ്ഥിരീകരിക്കാന്‍ കഴിയൂ. കുട്ടിമരിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ ആണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പൂട്ടിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ആദിത്യന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page