കൊച്ചി: കസ്‌റ്റഡിയിലിരിക്കെ ബാത്റൂമിലെ ജനൽപാളി അഴിച്ചുമാറ്റി രക്ഷപ്പെട്ട കവർച്ചക്കേസിലെ പ്രതിയായ കാസർകോട് സ്വദേശി പിടിയിൽ. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചു പതിവായി കവർച്ച നടത്തുന്ന കാസർകോട് ചെർക്കപ്പാറ സപ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ( 26 )യാണു പിടിയിലായത്. ഗവ. റെയിൽവേ പൊലീസിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണു പ്രതിയെ പിടിയിലായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ സ്‌റ്റേഷനുകളിൽ നിന്നുള്ള റെയിൽവേ പൊലീസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി 5 സ്ക്വാഡ് രൂപീകരിച്ചാണു പ്രതിക്കായി തിരച്ചിൽ നടത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ പ്രതി പെരുമ്പാവൂർ ഭാഗത്തുള്ളതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണു സ്വകാര്യ ബസ് സ്‌റ്റാൻഡിൽ കണ്ടത്തി പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണു കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നു പ്രതിയെ പിടികൂടി റെയിൽവേ പൊലീസിനു കൈമാറിയത്. എന്നാൽ, പ്രാഥമികകൃത്യം നിർവഹിക്കാനെന്ന വ്യാജേന ബാത്റൂമിൽ കയറിയ പ്രതി ജനൽപാളികൾ ഇളക്കിമാറ്റി കടന്നുകളയുകയായിരുന്നു. ചാടിപ്പോയതുമായി ബന്ധപ്പെട്ടു പ്രതിക്കെതിരെ ഒരു കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളത്തെത്തിച്ചു തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷം പ്രതിയെ കൊല്ലം റെയിൽവേ പൊലീസിനു കൈമാറി. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ വിവിധ സ്‌റ്റേഷനുകളിലായി പ്രതിക്കെതിരെ ഒട്ടേറെ കവർച്ച ക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടു ണ്ട്. ഇതിൽ വാഹന മോഷണക്കേസുകളും ഉൾപ്പെടുന്നു. ഇയാൾ മുൻപു മുൻപു ജയിൽ ചാടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു.