കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വര്‍ണാഭരണവും തട്ടിയെടുത്ത സംഘത്തിലെ യുവതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാന(34)യെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം കര്‍ണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരുകയായിരുന്ന ഡോക്ടറെയാണ് സംഘം കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഫോണ്‍വഴി പലതവണ സംഭാഷണം നടത്തിയ യുവതി ഡോക്ടറുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. പിന്നീട് വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പരാതിക്കാരനുമായി സൗഹൃദംസ്ഥാപിച്ച ഇര്‍ഷാനയുമായി സംഘം വിവാഹാലോചന നടത്തി. ഡോക്ടര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. 2024 ഫെബ്രുവരി എട്ടിന് വിവാഹത്തിനായി കോഴിക്കോട്ടേക്കുവരാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു. സംഘാംഗങ്ങളിലൊരാള്‍ ഇര്‍ഷാനയുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തി ഇര്‍ഷാനയെ നിക്കാഹ് ചെയ്തു. വിവാഹശേഷം ഒന്നിച്ചുതാമസിക്കുന്നതിന് വീട് പണയത്തിനെടുക്കുന്ന ആവശ്യത്തിലേക്കെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ ആവശ്യപെട്ടു. ഇര്‍ഷാനയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. ഇര്‍ഷാനയുടെ അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപ ക്രെഡിറ്റാവാതിരുന്നതിനാല്‍ അന്നേദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യലോഡ്ജില്‍ പ്രതികളും പരാതിക്കാരനും വെവ്വേറെ മുറികളില്‍ താമസിച്ചു. തൊട്ടടുത്തദിവസം ഇര്‍ഷാനയുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റായശേഷം താമസിക്കുന്നതിനായി പണയത്തിനെടുത്ത വീട് കാണണം എന്നുപറഞ്ഞ പരാതിക്കാരനെയുംകൂട്ടി പ്രതികള്‍ കാറില്‍ പുറപ്പെട്ടു. വെള്ളിയാഴ്ചയായതിനാല്‍ നിസ്‌കരിച്ചശേഷം വീട്ടിലേക്കുപോകാമെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ പരാതിക്കാരനെയുംകൂട്ടി കോഴിക്കോട് നടക്കാവ് മീന്‍മാര്‍ക്കറ്റിന് സമീപമുള്ള പള്ളിയിലേക്ക് പോയി. പരാതിക്കാരനോടൊത്ത് നിസ്‌കരിക്കുന്നതിനായിപ്പോയ പ്രതികളില്‍ ഒരാള്‍ തിരികെയെത്തി. പിന്നീട് മറ്റുപ്രതികളോടൊത്ത് കടന്നുകളഞ്ഞു. കാറില്‍ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈല്‍ഫോണ്‍, ടാബ് തുടങ്ങിയവയും സംഘം കൊണ്ടുപോയി. തുടര്‍ന്ന് മൊബൈല്‍ നമ്പറുകള്‍ ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ ഒളിവില്‍പ്പോവുകയായിരുന്നു. അടുത്തിടെ ഇര്‍ഷാന വീട്ടിലെത്തി. കഴിഞ്ഞദിവസം കാസര്‍കോട്ടുനിന്നാണ് ഇര്‍ഷാനയെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. മറ്റുള്ള പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് പറഞ്ഞു. ഇര്‍ഷാനയെ കോടതി റിമാന്‍ഡ് ചെയ്തു.