മേപ്പാടി: ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തെരച്ചിൽ. രാവിലെ 11 മണി വരെയാണ് തിരച്ചിൽ നടത്തുക. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ ക്യമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും തെരച്ചിലിന് ഉറ്റവരെ തിരഞ്ഞിറങ്ങും. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.വിവിധ സോണുകൾ തിരിച്ചാണ് തിരച്ചിൽ നടത്തുക. ക്യാമ്പുകളിൽ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളിൽ വിവിധ സോണുകളിൽ എത്തിക്കും. നിലവിൽ തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുകയാണ് ലക്ഷ്യം. നിലവിൽ കാലാവസ്ഥ അനുകൂലമായാണ് കാണുന്നത്. അതിനിടെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇൻ്റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബി ടി ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെ വി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.