മംഗളൂരു: ബംഗളൂരു- മംഗളൂരു പാതയില്‍ നവീകരണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് മൈസൂരു റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ബുധനാഴ്ച കഴിഞ്ഞിട്ടും പുതിയ അറിയിപ്പുവന്നിട്ടില്ല. പാതയില്‍ യെദകുമാരിക്കും കടഗരവള്ളിക്കും ഇടയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നുണ്ട്. ട്രാക്കിന്റെ ഭൂരിഭാഗം അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. അറ്റകുറ്റപ്പണി നടത്തിയ ട്രാക്കിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തിവിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തിയ ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ആദ്യഘട്ടത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടായേക്കൂ. ജുലൈ 16 മുതലാണ് ഈ പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 11 ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍ ഏറെ ദുരിതമനുഭവിക്കുന്നത് കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ യാത്രക്കാരാണ്.







