സര്‍ക്കാരിന് തിരിച്ചടി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

 

കൊച്ചി:സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന വിവരാവകാശ കമ്മിഷന്‍, സാംസ്‌കാരിക വകുപ്പിലെ അപലറ്റ്  അതോറിറ്റി എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതിയുടെ സ്‌റ്റേ വന്നത്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്കു പുറത്തുവിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. ഇതില്‍ തുടര്‍ നടപടികളാണ് പ്രധാനം. അതേസമയം
പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി നാലര വര്‍ഷത്തിന് ശേഷമാണ് പുറത്തു വിടാനൊരുങ്ങിയത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സിനിമാ രംഗത്തെ നിരവധി സ്ത്രീകള്‍ നിര്‍ണായക വിവരങ്ങള്‍ അടക്കം കമ്മീഷന് കൈമാറിയിരുന്നു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page