കേന്ദ്ര ബജറ്റ്: ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പാക്കേജ്; കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെ 2014ന് ശേഷം മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ 13-ാമത്തെ ബജറ്റാണിത്. കേന്ദ്ര ബജറ്റില്‍ 1.52 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നല്‍കുന്ന 109 ഇനങ്ങള്‍ വികസിപ്പിക്കും. അടുത്ത രണ്ടുവര്‍ഷംകൊണ്ട് രാജ്യത്തെ ഒരുകോടി കര്‍ഷകര്‍ക്ക് ജൈവ കൃഷിക്കായി സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിങ്ങും നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴി അവസരമൊരുക്കും. പതിനായിരം ജൈവകാര്‍ഷിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പരിപ്പ്, എണ്ണക്കുരു എന്നിവയുടെ ഉദ്പാദനം, സംഭരണം, വിപണനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യ വികസനത്തിനു രണ്ടു ലക്ഷം കോടി രൂപ വകയിരുത്തി. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മൂന്നാം തവണയും അധികാരത്തിലേറ്റിയതിനു വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കും. ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കാന്‍ പ്രത്യേക പദ്ധതികളും ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം നല്‍കുമെന്നും ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതിയും ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതിയും അനുവദിക്കും. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ പ്രഖ്യാപിച്ചു. മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. പി.എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്നു കോടി വീടുകള്‍ നിര്‍മിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page