നിപ്പ ബാധിച്ച് മരിച്ച 14 കാരൻ മികച്ച ഫുട്ബോൾ താരം; യാത്രയായത് സ്വപ്നങ്ങൾ പൂർത്തിയാക്കാതെ 

 

നിപ ബാധിച്ച് മരിച്ച ചെമ്പ്രശേരി സ്വദേശിയായ 14 കാരൻ മികച്ച ഫുട്ബോൾ താരം. മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഈ താരം ഫുട്ബോൾ പരിശീലിക്കുന്ന വീ‍ഡ‍ിയോകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. താരം ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോ ആണ് നൊമ്പരക്കാഴ്ചയായത്. ചെമ്പ്രശ്ശേരി എ.യു.പി സ്‌കൂളില്‍ ആറ് ഏഴ് ക്ലാസ്സുകളിൽ പഠിക്കുമ്പോള്‍ ടീമിലെ അംഗമായിരുന്നു ഈ 14 കാരൻ. മഞ്ചേരി ഉപജില്ല തല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഈ ബാലന്റെ മികച്ച പ്രകടനത്തിലൂടെ സ്‌കൂള്‍ കിരീടവും നേടി. പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് കുട്ടി ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി എത്തിയത്. ഫുട്‌ബോള്‍ എന്ന വലിയ സ്വപ്‌നം മനസ്സില്‍ കണ്ടാണ് അവന്റെ സമീപപ്രദേശത്ത് ഹൈസ്‌ക്കൂള്‍ ഉണ്ടായിരുന്നിട്ടും പന്തല്ലൂര്‍ സ്‌കൂള്‍ തിരഞ്ഞെടുത്തത്. കായികരംഗത്ത് മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് പന്തല്ലൂര്‍ സ്‌കൂള്‍ മികച്ച പിന്തുണ നല്‍കുന്നു എന്നതാണ് അതിന് കാരണം. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ ആദ്യ 25 അംഗ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 18 അംഗ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂലൈ 12ന് ആരംഭിച്ച ക്യാമ്പില്‍ മികച്ച പ്രകടനം നടത്തി 18 അംഗ ടീമില്‍ ഇടം നേടുകയായിരുന്നു 14 കാരന്റെ  ലക്ഷ്യം. എന്നാല്‍ അത് പൂര്‍ത്തിയാക്കാനാകാതെ ഈ താരം യാത്രയാകുമ്പോള്‍ ഒരു നാട് മുഴുവന്‍ നൊമ്പരത്തിലാവുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ 10. 50നാണ് 14 കാരൻ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റിയത്. വൈകിട്ട് ഏഴരയോടെ പാണ്ടിക്കാട് പഴയ ജുമാ മസ്ജിദിൽ എത്തിച്ചു പ്രോട്ടോകോൾ പ്രകാരം കബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page