പുതിയ മോഡല്‍ വണ്ടി എന്നു പറഞ്ഞ് നല്‍കിയത് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി

 

കാസര്‍കോട്: ഏറ്റവും പുതിയ മോഡല്‍ എന്ന് പറഞ്ഞ് അഞ്ചുവര്‍ഷം മുമ്പുള്ള മോഡല്‍ ഓട്ടോറിക്ഷ നല്‍കി വഞ്ചിച്ചുവെന്ന് പരാതി. ബജാജ് ക്യൂട്ട് ഓട്ടോറിക്ഷയുടെ 2023 മോഡല്‍ എന്നു പറഞ്ഞു 2018 മോഡല്‍ വണ്ടി തന്നു കാസര്‍കോട്ടെ ബജാജ് ഷോറൂം അധികൃതര്‍ തന്നെ വഞ്ചിച്ചുവെന്നു ലീഗ് നേതാവും പുത്തിഗെ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഇ.കെ മുഹമ്മദ് കുഞ്ഞി ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടു. 2023 ഫെബ്രുവരിയിലാണ് മുഹമ്മദ് കുഞ്ഞി കാസര്‍കോട്ടെ ഷോറൂമില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങിയത്. 3,58,000 നല്‍കിയാണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും അപ്പോള്‍ ഒരു വര്‍ഷത്തെ വാറണ്ടിയും കൃത്യസമയത്തു സര്‍വ്വീസും ഉറപ്പു നല്‍കിയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വണ്ടി വാങ്ങി മൂന്നു മാസം കഴിഞ്ഞപ്പോള്‍ എഞ്ചിനില്‍ നിന്നും ടയറിന്റെ ഭാഗത്തു നിന്നും സൗണ്ട് വന്നു. ഷോറൂമിനെ സമീപിച്ചപ്പോള്‍ അതു പ്രശ്നമില്ലെന്നും പറഞ്ഞു തിരിച്ചയച്ചു. താമസിയാതെ വണ്ടിയുടെ ടയര്‍ പൊട്ടിത്തെറിച്ചു. ഇതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വണ്ടിയുടെ ടയറും ഡിസ്‌കും എഞ്ചിനും ബോഡിയും 2018 മോഡലാണെന്നു തിരിച്ചറിഞ്ഞത്. വീണ്ടും ഷോറൂമിലെത്തിയപ്പോള്‍ വണ്ടി വാങ്ങി വച്ചു. പിന്നീട് നിരവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മെക്കാനിക്കില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നുവെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെതുടര്‍ന്നാണ് മൂന്നേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മുഹമ്മദ് കുഞ്ഞി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page