പനി, ഛര്‍ദ്ദി, വയറിളക്കം; ഗുജറാത്തില്‍ അപൂര്‍വ്വ വൈറസ് രോഗം കുട്ടികളില്‍ പടരുന്നു, അഞ്ചു ദിവസത്തിനിടെ 6 കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

 

അഞ്ച് ദിവസത്തിനിടെ ആറുകുട്ടികള്‍ ചന്ദിപുര വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍. ചൊവ്വാഴ്ച രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. 14 പേര്‍ക്ക് അസുഖം ബാധിച്ചു. സബര്‍കാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവില്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. ഇവിടെ 12 പേര്‍ ചികിത്സയിലുണ്ടെന്നു ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് സംശയാസ്പദമായ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച രണ്ടുപേര്‍ മുതിര്‍ന്നവരാണ്. ഈ രോഗികളില്‍ ആറു പേര്‍ സബര്‍കാന്ത ജില്ലയില്‍ നിന്നും, മൂന്ന് പേര്‍ ആരവല്ലിയില്‍ നിന്നും, മഹിസാഗര്‍, ഖേഡ എന്നിവിടങ്ങളില്‍ നിന്നു ഓരോരുത്തര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ട് രോഗികള്‍ രാജസ്ഥാനില്‍ നിന്നും ഒരാള്‍ മധ്യപ്രദേശില്‍ നിന്നുമാണ്. ഇവര്‍ ഗുജറാത്തില്‍ ചികിത്സയിലാണ്. അതേസമയം സബര്‍കാന്തയില്‍ നിന്നു എട്ട് സാമ്പിള്‍ ഉള്‍പ്പെടെ 14 സാമ്പിളുകളും പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ചന്ദിപുര ഒരു പുതിയ വൈറസല്ല. ഇത് പ്രധാനമായും 9 മാസം മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്, ഗ്രാമപ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പനി, ഛര്‍ദ്ദി, വയറിളക്കം, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ സമീപിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 1965ല്‍ മഹാരാഷ്ട്രയിലാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2003ല്‍ ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും രോഗം ബാധിച്ച 329 കുട്ടികളില്‍ 183 പേര്‍ മരണപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page