ചട്ടഞ്ചാല്‍: ജിമ്മിയുടെയും ജാക്കിയുടെയും കരുതലിനും ജാഗ്രതയ്ക്കും മുന്നില്‍ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി. വീടു കവര്‍ച്ച ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. ദേളിയിലെ ദൃശ്യാ മുബാറക്കിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുബാറക്കും കുടുംബവും കഴിഞ്ഞ ദിവസം വീടു പൂട്ടി ഗള്‍ഫിലേയ്ക്കു പോയിരുന്നു. ഇക്കാര്യം അയല്‍ക്കാരെ അറിയിച്ചാണ് പോയത്. ഞായറാഴ്ച രാത്രി 12 മണിയോടെ അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുപട്ടികളായ ജിമ്മിയും ജാക്കിയും തുടര്‍ച്ചയായി കുരച്ചു ശബ്ദമുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി നായകള്‍ കുരച്ചതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍, മുബാറക്കിന്റെ വീടിനു നേരെ നോക്കിയാണ് പട്ടികള്‍ കുരയ്ക്കുന്നതെന്നു വ്യക്തമായി. ഒപ്പം വാതില്‍ തകര്‍ക്കുന്ന ശബ്ദവും കേട്ടു. കള്ളന്മാരായിരിക്കാമെന്ന സംശയം വന്നതോടെ വിവരം മേല്‍പറമ്പ് പൊലീസിനെ അറിയിച്ചു. ഗ്രേഡ് എസ്.ഐ സിനേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കുതിച്ചെത്തിയെങ്കിലും അപ്പോഴേയ്ക്കും കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെട്ടു. സമീപ പ്രദേശത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കവര്‍ച്ചക്കാര്‍ക്കായി രാത്രികാല വാഹന പട്രോളിംഗ് ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.