തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിനു തന്നെ അഭിമാന മുഹൂര്‍ത്തമാണിത്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളു. ലോക ഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചിരിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിലാണ് ട്രയല്‍റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.ശിവന്‍കുട്ടി, മന്ത്രി കെ. രാജന്‍, കെ.എന്‍ ബാലഗോപാല്‍, വി.എന്‍ വാസവന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തുടങ്ങിയവര്‍, അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ്പ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ മേസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാന്‍ഫെര്‍ണാണ്ടോ’ മദര്‍ഷിപ്പാണ് തുറമുഖത്തെത്തിയത്. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ട്രയല്‍ റണ്ണിനു ശേഷം ഒക്ടോബറില്‍ തുറമുഖം കമ്മീഷന്‍ ചെയ്യും.
