കാസര്‍കോട്: സ്ഥലമുടമയുടെ ഭീഷണിയെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതര നിലയില്‍. ബന്തടുക്കയിലെ വെല്‍ഡിംഗ് തൊഴിലാളിയും പടുപ്പില്‍ വാടകവീട്ടില്‍ താമസക്കാരനുമായ ജയരാമന്റെ ഭാര്യ രേഷ്മ(35)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ബന്തടുക്ക, ഏണിയാടിയിലെ ഒരാളില്‍ നിന്ന് 2020ല്‍ ജയരാമന്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിതിരുന്നു. സ്ഥലമുടമ അടുത്തിടെ മരണപ്പെട്ടു. സ്ഥലം നല്‍കുന്ന സമയത്ത് ഗള്‍ഫിലായിരുന്ന സ്ഥലം ഉടമയുടെ മകന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ജയരാമനോട് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു. പണം നല്‍കാത്തത്തിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ ജയരാമന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് രാത്രി സ്ഥലമുടമയുടെ മകനും ഇരുപതോളം പേരും ജയരാമന്റെ താമസസ്ഥലത്തെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. ഇതേ കുറിച്ച് കുറിപ്പ് എഴുതിവെച്ചാണ് രേഷ്മ എലിവിഷം കഴിച്ചത്. കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
