
കാസര്‍കോട്: സാമൂഹ്യദ്രോഹികള്‍ തീയിട്ടതിനെത്തുടര്‍ന്ന് കളിചിരി മാഞ്ഞ കുരുന്നുകള്‍ക്ക് സാന്ത്വനവും സന്തോഷവും പകര്‍ന്ന് ആദൂര്‍ പൊലീസ്. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരം പുസ്തകങ്ങളും ക്രയോണ്‍ പെന്‍സിലുകളും നല്‍കിയപ്പോള്‍ കുട്ടികളുടെ മുഖത്ത് പുഞ്ചിരി പൂത്തു.
ഏതാനും ദിവസം മുമ്പാണ് ബോവിക്കാനം എ.യു.പി സ്‌കൂളിലെ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 200ല്‍പ്പരം പുസ്തകങ്ങള്‍ സാമൂഹ്യദ്രോഹികള്‍ അഗ്നിക്കിരയാക്കിയത്. വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഇതിനിടയിലാണ് പുസ്തകങ്ങളും മറ്റും നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ടു കഴിയുന്ന കുരുന്നുകള്‍ക്ക് സന്തോഷം പകര്‍ന്ന് ആദൂര്‍ പൊലീസ് എത്തിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി.പി സഞ്ജയ്കുമാര്‍ ആധ്യക്ഷം വഹിച്ചു. എസ്.ഐ അനുരൂപ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വി. രാജന്‍, എസ്.ഐ.മാരായ ഭാസ്‌കരന്‍ നായര്‍, തമ്പാന്‍, പൊലീസുകാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.