കാസര്‍കോട്: ചെങ്കള സ്വദേശിനി ഫാത്തിമത്ത് സുഹ്റ (42)യെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ കൊലപ്പെടുത്തിയത് എന്തിന്? കൊലപാതകത്തിന് ശേഷം ക്വാര്‍ട്ടേഴ്സ് പൂട്ടി താക്കോലുമായി കടന്നു കളഞ്ഞ ആണ്‍സുഹൃത്ത് ചെങ്കള റഹ്‌മത്ത് നഗറിലെ ഹസൈനാര്‍ (30) കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചത് എന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹസൈനാറിനെ തിങ്കളാഴ്ച രാത്രിയാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഒരു ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹസൈനാര്‍ മുറിയില്‍ നിന്ന് പുറത്തു വരാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു താക്കോല്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ താക്കോല്‍ എവിടത്തേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയും സംസ്‌കരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫാത്തിമത്ത് സുഹ്റയെ കാഞ്ഞങ്ങാട്, കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക സ്ഥലത്തെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സ് മുറി പുറമെ നിന്ന് പൂട്ടിയ നിലയില്‍ കണ്ടു. ഫോണില്‍ വിളിച്ചപ്പോള്‍ അകത്ത് നിന്ന് റിംഗ് ടോണ്‍ കേട്ടു. സംശയം തോന്നി ജനാല തുറന്നപ്പോഴാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.
ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മുറി ബലം പ്രയോഗിച്ച് തുറന്നു. സോഫയില്‍ കിടന്ന നിലയില്‍ ആണ് സുഹ്റയുടെ മൃതദേഹം കാണപ്പെട്ടത്. നാവു പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. മുറിയില്‍ രക്തപ്പാടുകളും കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഫാത്തിമത്ത് സുഹ്റയുടെ ക്വാര്‍ട്ടേഴ്സിന്റെ താക്കോലാണ് ഹസൈനാര്‍ ജീവനൊടുക്കിയ മുറിയില്‍ കാണപ്പെട്ടത്. മൂന്നു മാസം മുമ്പാണ് ഫാത്തിമത്ത് സുഹ്റയും ആണ്‍ സുഹൃത്തായ ഹസൈനാറും ഒന്നിച്ചു താമസം തുടങ്ങിയത്. ഇടക്കിടെ വഴക്കിടാറുണ്ടെങ്കിലും ഇരുവരും തമ്മില്‍ വലിയ സ്നേഹത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ക്കും പൊലീസിനും നല്‍കിയ മൊഴി.