തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. സുഹൈല്‍ ഷാജഹാന്‍ ആണ് ന്യൂദെല്‍ഹി വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ സുഹൈല്‍ ഷാജഹാന്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഇയാള്‍. 2022 ജുലായ് ഒന്നിനാണ് എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് തിങ്കളാഴ്ച രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു.
ആക്രമണത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുഹൈലിനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ കഴക്കൂട്ടം, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. ജിതിന്‍, ടി.നവ്യ, എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂട്ടറില്‍ സ്‌ഫോടക വസ്തുവുമായി എത്തിയ സ്‌കൂട്ടര്‍ ഉടമ സുധീഷ് ഒളിവിലാണ്.
