ട്വൻ്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിച്ചു

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യയുടെ പൊൻ മുത്തം. ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിൻ്റെ രാത്രി ഇന്ത്യയിൽ ക്രിക്കറ്റ് ആരാധകർ മറക്കുകയുമില്ല. 2024 ടി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. കോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കോഹ്ലിയും അക്ഷറും ചേര്‍ന്നാണ് കരകയറ്റിയത്.
മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയുടെ ഔട്ട്സ്വിങറില്‍ റീസ ഹെന്‍ഡ്രിക്സ് (4) ബൗള്‍ഡ്. മൂന്നാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും (5) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ ഡികോക്ക് – സ്റ്റബ്‌സ് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്ലാസന്‍ – ഡി കോക്ക് സഖ്യം ക്രീസിലൊന്നിച്ചു. ആ സമയത്ത് കാര്യമായി റണ്‍സ് വരികയും ചെയ്തു. 13-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. അധികം വൈകാതെ ക്ലാസനും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അഞ്ചിന് 151 എന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മാര്‍കോ ജാന്‍സനെ (2) ബൗള്‍ഡാക്കി 18-ാം ഓവറില്‍ ബുമ്ര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 3 ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാർദ്ദിക്കും രണ്ട് വിക്കറ്റ് വീതം നേടിയ അർഷ്ദീപും ബ്രുമയും ബോളിങ്ങിൽ തിളങ്ങി. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഉയർന്ന ടീം സ്കോറാണ് ഇന്ത്യ നേടിയ 176 റൺസ്. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ വിരാട് കോലിയുടെ രണ്ടാം അർദ്ധ സെഞ്ച്വറി ആണ് ഇത്. ടൂർണമെന്റിൽ വിരാട് കോലി പ്ലെയർ ഓഫ് ദ മാച്ച് ആയി. ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്. നന്ദി ടീം ഇന്ത്യ, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. എന്തൊരു രാവ് എന്തൊരു തിരിച്ചു വരവ് എന്നാണ് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page