പീഡനക്കേസില്‍ പ്രതിയായ സിപിഎം നേതാവിനെ പാര്‍ടിയില്‍ തിരിച്ചെടുത്തു; ലോക്കല്‍ കമ്മിറ്റിയോഗത്തില്‍ കൈയ്യാങ്കളി

തിരുവല്ല: പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സിവി സജിമോനെ തിരിച്ചെടുത്തത് റിപോര്‍ട്ട് ചെയ്യാന്‍ വിളിച്ചുകൂട്ടിയ ലോക്കല്‍ കമ്മിറ്റിയോഗം കൈയ്യാങ്കളിയില്‍ പിരിഞ്ഞു. സജിമോനെ യോഗത്തില്‍ നിന്ന് പുറത്താക്കണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യമാണ് പ്രതിഷേധത്തിനിടയാക്കിയത്. തിരിച്ചെടുത്ത തീരുമാനം റിപോര്‍ട്ട് ചെയ്യുന്നത് യോഗത്തില്‍ നിന്ന് അയാളെ ഒഴിവാക്കണമെന്ന അണികളുടെ ആവശ്യം മുറുകിയതോടെ നേതൃത്വം സജിമോനെ യോഗത്തില്‍ നിന്ന് ഇറക്കി വിട്ടു. യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ ടെസ്റ്റില്‍ ആള്‍മാറാട്ടം നടത്തിയ കേസിലും സജിമോന്‍ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും സജിമോനെതിരെ കേസുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇയാളെ കണ്‍ട്രോള്‍ കമ്മീഷനാണ് തിരിച്ചെടുത്തത്. അതേസമയം, പ്രതിഷേധത്തില്‍ കഴമ്പില്ലെന്നും സജിമോനെ തിരിച്ചെടുത്തതില്‍ എതിര്‍പ്പുള്ളവര്‍ക്ക് മേല്‍ഘടകത്തില്‍ പരാതി നല്‍കാമെന്നും ഏരിയാ കമ്മിറ്റി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page