കാസര്‍കോട്: ജില്ലയില്‍ ഭവന ഭേദനങ്ങള്‍ വ്യപകമായതിനു പിന്നാലെ ക്ഷേത്രത്തിലും വന്‍കവര്‍ച്ച. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, മിയാപദവ്, തലേക്കള ശ്രീ സദാശിവ രാമവിട്ടല ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
ചിരപുരാതനമായ ക്ഷേത്രശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയത്. ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവലിംഗത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നു പവന്‍ തൂക്കം വരുന്ന തൃക്കണ്ണും സമീപത്തു വച്ചിരുന്ന വെള്ളിയാഭരണങ്ങളുമാണ് കവര്‍ച്ച പോയത്. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളും കവര്‍ന്നിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റി വാസുദേവഭട്ട് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് നിന്ന് കവര്‍ച്ചക്കാര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഇരുമ്പു ദണ്ഡ് കണ്ടെടുത്തു.
കാലവര്‍ഷം ശക്തമാകുമ്പോള്‍ സാധാരണ ഗതിയില്‍ കവര്‍ച്ചകളും പെരുകാറുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പു നല്‍കിയുന്നു. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴക്കാലത്ത് കവര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച അന്തര്‍സംസ്ഥാന സംഘങ്ങള്‍ ജില്ലയില്‍ തമ്പടിച്ചതായും മുന്നറിയിപ്പുണ്ടായിരുന്നു.
