കാസര്‍കോട്: പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
2022 ജൂണ്‍ 6നാണ് പുത്തിഗെ, മുഗു സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഇരുനില വീട്ടില്‍ തടങ്കലിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് കടന്ന പ്രതികളില്‍ ചിലരെ അറസ്റ്റു ചെയ്തുവെങ്കിലും ഏതാനും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കേസ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് ഉത്തരവായത്.
