ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന് മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി. ചൊവ്വാഴ്ച ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുര്‍ഗിലേക്കുള്ള ഗോണ്ട്വാന എക്സ്പ്രസില്‍ ആണ് സംഭവം. ഈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. താഴെ ബെര്‍ത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെര്‍ത്തിലിരുന്ന സൈനികന് മൂത്രമൊഴിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര റെയില്‍വെ മന്ത്രിക്കും പരാതി നല്കി. താനും കുഞ്ഞും ഉറങ്ങുമ്പോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതി പറയുന്നു. അപ്പോള്‍ തന്നെ
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പരായ 139-ല്‍ പരാതി നല്കി. പിന്നീട് യുവതി ഭര്‍ത്താവിനെയും വിവരം അറിയിച്ചു. മദ്യപിച്ച് വസ്ത്രത്തില്‍ മൂത്രമൊഴിച്ചിരുന്ന സൈനികനെ കണ്ടിട്ടും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടപടിയൊന്നും എടുത്തില്ലെന്നും യുവതി പറഞ്ഞു. നടപടിയെടുക്കാത്തതിനെതുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ആരോപണം ആര്.പി.എഫ് നിഷേധിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ കോച്ചിലെത്തിയപ്പോള്‍ യുവതിയെ സീറ്റില്‍ കാണാന്‍ സാധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സൈനികന് മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
