തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി സംസ്ഥാനത്തു ബി ജെ പിക്കു അഭിമാനനേട്ടം നേടിയെടുത്തുവെങ്കിലും സംസ്ഥാനത്തെ എട്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ച കാശു നഷ്ടപ്പെട്ടു. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥി കെട്ടിവയ്ക്കുന്ന പണം തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ ആറുശതമാനം വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥികള്‍ക്കേ തിരിച്ചുകിട്ടൂ. കെട്ടിവച്ച പണം എട്ടു ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു നഷ്ടപ്പെടുകയായിരുന്നു. അതിലൊന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ഗാന്ധി മത്സരിച്ച വയനാട്ടില്‍ 1071489 വോട്ട് പോള്‍ ചെയ്തിരുന്നു. ഇതിന്റെ ആറുശതമാനത്തിന് 1,78,582 വോട്ടു ലഭിക്കണമായിരുന്നു. എന്നാല്‍ സുരേന്ദ്രന് 1,41,045 വോട്ടേ ലഭിച്ചുള്ളൂ.
വയനാടിനു പുറമെ കണ്ണൂര്‍, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര, ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ച കാശു നഷ്ടപ്പെട്ടത്.
