ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ബി ജെ പി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അധികാരമേല്‍ക്കും.
ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം രാജ്യത്തു തുടര്‍ച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്ന ബഹുമതി ഇതോടെ നരേന്ദ്രമോദിക്കു കൈവരും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി നിലവിലുള്ള മന്ത്രിസഭ രാജിവച്ചു.
സത്യപ്രതിജ്ഞക്കു മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ എത്തിയാണ് പ്രധാനമന്ത്രി രാഷ്ട്രപതിക്കു രാജിക്കത്തു കൈമാറിയത്. സത്യപ്രതിജ്ഞവരെ താല്‍ക്കാലിക ഭരണച്ചുമതല ഏറ്റെടുക്കാന്‍ നരേന്ദ്രമോദിയോട് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭ്യര്‍ത്ഥിച്ചു.
2014ല്‍ ബി ജെ പി 282 സീറ്റുകളും 2019ല്‍ 303 സീറ്റുകളും നേടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇത്തവണ ബി ജെ പിക്കു 240 സീറ്റുകളേ ഉള്ളൂ. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുവേണം. കുറവുള്ള 32 സീറ്റുകള്‍ക്ക് എന്‍ ഡി എ ഘടക കക്ഷികള്‍ നേടിയ 53 സീറ്റുകളുടെ പിന്തുണയുണ്ട്. ചന്ദ്രബാബുനായിഡുവിന്റെ ടി ഡി പിക്ക് 16വും നിതീഷ് കുമാറിന്റെ ജെ ഡി യു വിന് 12 ലോക്‌സഭാ അംഗങ്ങളുണ്ട്. ഇന്ത്യസഖ്യത്തിന് ലോക്‌സഭയില്‍ 232 സീറ്റുണ്ട്.
