യാത്രയ്ക്കിടെ കണ്ടക്ടര്‍ക്ക് അസ്വാസ്ഥ്യം; ട്രിപ്പ് ഒഴിവാക്കി ബസ് ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവര്‍ക്ക് ആശുപത്രിയുടെ ആദരവ്

കാസര്‍കോട് : ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച ഡ്രൈവര്‍ക്ക് ആശുപത്രിയുടെ ആദരവ്. കാസര്‍കോട് ചീമേനി റൂട്ടില്‍ ഓടുന്ന ദമാസ് എന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി വിനീത് കുമാറിനെയാണ് മംഗളൂരു കെഎംസി ആശുപത്രി മാനേജ്‌മെന്റ് പ്രശംസാ പത്രം നല്‍കി ആദരിച്ചത്. കഴിഞ്ഞദിവസം ചീമേനിയില്‍ വച്ചാണ് കണ്ടക്ടര്‍ സ്വാമിമുക്ക് സ്വദേശി അനില്‍കുമാറിന് യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ 5 മണി മുതല്‍ ചെറിയ രീതിയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു എങ്കിലും അതത്ര കാര്യമാക്കി എടുത്തില്ല. ബസ് കാസര്‍കോട് പോയി തിരിച്ചുവരുമ്പോഴാണ് സംസാരശേഷിക്ക് തടസ്സം സംഭവിക്കുകയും കൈകളുടെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തത്. ഇതേ തുടര്‍ന്ന് ട്രിപ്പ് ഒഴിവാക്കി ബസ് നേരെ ചെരുവത്തൂരിലെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് മസ്തിഷ്‌ക ആഘാതം ചെറിയ രീതിയില്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ആംബുലന്‍സിലെ ഡ്രൈവര്‍ ശരത് നേരത്തെ ബസ്സില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താല്‍ മണിക്കൂറുകള്‍ക്കകം മംഗളുരുവിലെ ആശുപത്രിയില്‍ എത്തിച്ചു. നേരം വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രൈവറുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആശുപത്രി മാനേജ്‌മെന്റ് അഭിനന്ദിച്ചു. ചീമേനിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ബസ് ഉടമയുമായി ബന്ധപ്പെട്ടിരുന്നു. ജീവനാണ് വലുതെന്നും സര്‍വീസ് ഒഴിവാക്കി ആശുപത്രിയില്‍ എത്തിക്കണമെന്നും ഉടമ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് വിനീത് കുമാര്‍ പറയുന്നു. അതേസമയം കണ്ടക്ടറെ ഒരു ദിവസത്തെ പരിചയം മാത്രമാണ് വിനീതിനുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചുവരികയാണ് വിനീത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page