കാസര്‍കോട്: ഇതരമതസ്ഥനൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയായ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി.
ബദിയഡുക്ക, പിലാങ്കട്ട, കോളാരിയിലെ നേഹ(25)യാണ് നെക്രാജെ, മാളങ്കൈയിലെ മിര്‍ഷാദി (25)ന്റെ കൂടെ വ്യാഴാഴ്ച ഒളിച്ചോടിയത്. നേഹയുടെ മാതാവിന്റെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന് കാണിച്ച് രജിസ്ട്രാര്‍ ഓഫീസ് ബോര്‍ഡില്‍ ഫോട്ടോകള്‍ സഹിതമുള്ള നോട്ടീസ് പതിച്ചിരുന്നു.
കാണാതായ നേഹയെയും മിര്‍ഷാദിനെയും കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ ഞായറാഴ്ച രാവിലെ ഇരുവരും അഭിഭാഷകന്‍ മുഖേന ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുമെന്ന് അറിഞ്ഞതോടെ ആള്‍ക്കാര്‍ തടിച്ചുകൂടി. ഇതോടെയാണ് കാഞ്ഞങ്ങാട് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം അഭിഭാഷകനൊപ്പം നേഹയും മിര്‍ഷാദും ഞായറാഴ്ച വൈകിട്ട് കീഴടങ്ങി. വിവരമറിഞ്ഞ് അവിടെയും നിരവധി പേര്‍ തടിച്ചുകൂടി. പൊലീസുമായി വാക്കേറ്റവും ഉണ്ടായി. ഇതിനിടയില്‍ നേഹയുടെ മൊഴിയെടുത്ത ശേഷം കനത്ത പൊലീസ് ബന്തവസിലാണ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്.