ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് ബാഗ്പത്ബറൗത്തില്‍ ആശുപത്രിക്കു തീപിടിച്ചു. കുട്ടികളുള്‍പ്പെടെ ആശുപത്രിയിലുണ്ടായിരുന്ന 12 പേരെ ജനങ്ങള്‍ പുക നിറഞ്ഞ ആശുപത്രിക്കുള്ളില്‍ കയറി രക്ഷിച്ചു പുറത്തെത്തിച്ചു.
ബറൗത്തിലെ ആസ്ത ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിച്ചത്. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നു ആഗ്നിസേനാ വിഭാഗം സൂചിപ്പിച്ചു. ശാസ്ത്രീയമായി നിറയ്ക്കാത്ത ഓക്‌സിജന്‍ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ആശുപത്രിക്കു മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി അന്തരീക്ഷവും ആശുപത്രിയും പുകപടലം കൊണ്ടു നിറഞ്ഞിരുന്നു.
തീപിടിത്തമുണ്ടായുടനെ ആശുപത്രി ഡയറക്ടര്‍ നവീന്‍ കാച്ചി സ്ഥലം വിട്ടെങ്കിലും രാജസ്ഥാനില്‍ നിന്ന് ഇയാളെ അറസ്റ്റു ചെയ്തു. ഡ്യൂട്ടി ഡോക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീപിടുത്തമുണ്ടായ ആശുപത്രി ഒരു വീട്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ അഞ്ചു കുട്ടികളെ ചികിത്സിക്കാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. അനുമതിയുടെ കാലാവധി മാസങ്ങള്‍ക്കു മുമ്പു കഴിഞ്ഞിരുന്നു. ഇത്തരത്തില്‍ മൂന്ന് ആശുപത്രികള്‍ ഇയാള്‍ക്കു ഡല്‍ഹിയിലുണ്ട്. തീപിടുത്തമുണ്ടായുടനെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ചികിത്സയില്‍ ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളുള്‍പ്പെടെയുള്ള രോഗികളെ നാട്ടുകാരാണ് രക്ഷിച്ചത്. നാലു അഗ്നിശമനാ യൂണിറ്റുകള്‍ പുലര്‍ച്ചെയോടെ തീകെടുത്തി. ആര്‍ക്കും ജീവപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഡെല്‍ഹിയില്‍ മറ്റൊരു ആശുപത്രിയില്‍ തീപിടുത്തമുണ്ടായി ഏഴു കുഞ്ഞുങ്ങള്‍ മരിച്ചതിനു തൊട്ടു പിന്നാലെ ഉണ്ടായ തീപിടുത്തം ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.
