കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികള്‍ എവിടെ? പ്രതികള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പറയുമ്പോഴും കാണാമറയത്തിരിക്കുന്ന സംഘം സെക്രട്ടറിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍, കണ്ണൂര്‍, താണ സ്വദേശി ജബ്ബാര്‍ എന്നിവര്‍ക്കു ഒളിത്താവളം ഒരുക്കിക്കൊടുക്കുന്നത് ആര്? സംഭവം പുറത്ത് വന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ച ആദൂര്‍ പൊലീസ് ബംഗ്ളൂരു, ഷിമോഗ, ഹാസന്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. തങ്ങളെ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ രതീശനും ജബ്ബാറും ഒളിത്താവളങ്ങള്‍ മാറി കൊണ്ടിരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പൊലീസ് സംഘം എത്തുമ്പോഴേക്കും സ്ഥലം വിട്ട ഇരുവരും ചെന്നൈയിലേക്ക് കടന്നുവെന്നായിരുന്നു ശ്രുതി. അതിന് ശേഷം ഇരുവര്‍ക്കും എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ഇതിനിടയില്‍ കേസ് അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദൂര്‍ പൊലീസ് ബംഗ്ളൂരുവില്‍ നിന്ന് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്ന പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ ബേക്കല്‍, ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, ഇയാളുടെ ഡ്രൈവര്‍ പറക്കളായിയിലെ എ. അബ്ദുല്‍ ഗഫൂര്‍, കാഞ്ഞങ്ങാട്, നെല്ലിക്കാട്ടെ എ. അനില്‍ കുമാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പില്‍ കാറഡുക്ക സംഘത്തില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം വിവിധ ബാങ്കുകളില്‍ പണയം വെച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ട 1.13 കോടിയുടെ സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കേരള ബാങ്കിന്റെ പെരിയ ശാഖ, കാനറാ ബാങ്കിന്റെ പള്ളിക്കര, പെരിയ ശാഖകള്‍, കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖ എന്നിവിടങ്ങളിലാണ് കാറഡുക്ക സംഘത്തില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണം പണയപ്പെടുത്തിയിരുന്നത്.
