മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമാ ലോകത്തു നിന്നും രാഷ്ട്രീയ, സാഹിത്യ ലോകത്തുനിന്നും നിരവധി പ്രമുഖരാണ് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പടെ നിരവധി താരങ്ങള്‍ മോഹന്‍ലാലിന് ആശംസകളുമായി എത്തി. മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. അതിനിടെ ഏറെ വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി ഉലകനായകന്‍ കമല്‍ഹാസനും രംഗത്തെത്തി. നാല്പത് വര്‍ഷമായി നായകനായി നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍ എന്ന് കമലഹാസന്‍ പറയുന്നു. മോഹന്‍ലാല്‍ നാനൂറ് സിനിമകള്‍ ചെയ്തു എന്നറിയുമ്പോള്‍ പലരും ഞെട്ടിയേക്കാം. പക്ഷേ അദ്ദേഹം നിത്യഹരിത നായകനായ പ്രേംനസീറിന്റെ 500 സിനിമ എന്ന റെക്കോര്‍ഡ് തകര്‍ക്കുന്നതാണ് താന്‍ കാത്തിരിക്കുന്നതെന്നും അതാണ് ഈ ജന്മദിനത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന ആശംസയെന്നും കമല്‍ഹാസന്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ഇതിനേക്കാള്‍ വലിയൊരു ആശംസ എനിക്ക് നല്‍കാനില്ല. ഇനിയുമൊരുപാട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ആയുരാരോഗ്യം മോഹന്‍ലാലിന് നേരുന്നുവെന്ന് കമല്‍ഹാസന്‍ ആശംസിച്ചു. മോഹന്‍ലാലും കമല്‍ഹാസനും അടുത്ത സുഹൃത്തുക്കളാണ്. 2009ല്‍ പുറത്തിറങ്ങിയ ഉന്നൈ പോലൊരുവന്‍ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
